യാത്രക്കാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം; പ്രതിജ്ഞ ചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാർ

തിരുവനന്തപുരം: ഉപഭോക്താവാണ് ആശ്രയം എന്ന ഗാന്ധിവചനം പ്രതിജ്ഞയായി ചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ പ്രതിജ്ഞ ചൊല്ലിയത്. യാത്രക്കാരോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റം വരുത്തണമെന്ന മാനേജിമെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പ്രതിജ്ഞ. കാട്ടാക്കട, ചിറയന്‍കീഴ് എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കിയ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണ് പ്രതിജ്ഞ. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോയിലും ഗാന്ധി ചിത്രം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.

‘നമ്മുടെ പരിസരത്തെ ഏറ്റവും പ്രധാന സന്ദര്‍ശകനാണ് ഉപഭോക്താവ്. അദ്ദേഹം നമ്മെ ആശ്രയിക്കുന്നില്ല. നാം അദ്ദേഹത്തെ ആശ്രയിക്കുന്നു. അദ്ദേഹത്തെ സേവിക്കുന്നതിലൂടെ നമ്മള്‍ ഒരു ഉപകാരവും ചെയ്യുന്നില്ല. സേവിക്കാനുള്ള അവസരം നല്‍കി അദ്ദേഹം നമുക്കാണ് ഉപകാരം ചെയ്യുന്നത്.’ എന്ന് തുടങ്ങുന്ന പ്രതിജ്ഞയാണ് ചീഫ് ഓഫീസ് മുതല്‍ ഡിപ്പോകളില്‍ വരെ ജീവനക്കാര്‍ ഏറ്റുചൊല്ലിയത്.ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. എന്‍എസ്എസ് യൂണിറ്റുകളിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ജീവനക്കാര്‍ ബസുകളും സ്റ്റേഷനുകളും ശുചീകരിച്ചു.

 

Top