ഇറാനിലെ സെലിബ്രിറ്റി ഷെഫിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ സെലിബ്രിറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ റെവല്യൂഷനറി ​ഗാർഡ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഹിജാബ് വിരുദ്ധ പ്രതിഷേധം കത്തുന്നതിനിടെയാണ് മറ്റൊരു പൊലീസ് ക്രൂരത കൂടി പുറത്തുവന്നത്. ഇറാന്റെ ജാമി ഒലിവർ എന്നറിയപ്പെടുന്ന ഷെഫായിരുന്നു മെഹർഷാദ് ഷാഹിദി. 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.

ഹിജാബ് വി​രുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത ഷാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ദ ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്തു. മകൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാൻ തങ്ങൾക്കുമേല്‍ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ മാതാപിതാക്കൾ പറഞ്ഞു. മറുവശത്ത്, ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലെന്ന് ഇറാനിയൻ അധികൃതർ നിഷേധിച്ചു. ഷാഹി​ദിക്ക് മർദ്ദനമേറ്റ യാതൊരു അടയാളവുമില്ലെന്ന് ഇറാൻ ചീഫ് ജസ്റ്റിസ് അബ്ദുൽമെഹ്ദി മൗസവി പറഞ്ഞെന്ന് 7 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഷാ​ഹിദിയുടെ മരണത്തിൽ സോഷ്യൽ മീഡിയയിലും പ്രതിഷേധമുയർന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കണ്ണീർ വാതകം ഉപയോഗിച്ച് പൊലീസ് ആക്രമിക്കുകയായിരുന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും ബന്ധു ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങാനാണ് പൊലീസ് പിന്നെ വീട്ടിലേക്ക് വിളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാന്റെ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധത്തിനിടെ നൂറുകണക്കിന് ആളുകൾ ഇറാനിയൻ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ‌ ഇറാനിലെ പ്രക്ഷോഭം അമേരിക്കയുടെ ഗൂഢാലോചനയാണെന്നാണ് ഇറാന്റെ വാദം.

കഴിഞ്ഞ ദിവസം ഇറാനിൽ ജനകീയ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറൻ നഗരമായ മഹാബാദിൽ നടന്ന വെടിവയ്പ്പിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സർക്കാർ ഓഫീസ് ആക്രമിച്ചുവെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

Top