യുവതി ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച കേസ് ; പൊലീസും സര്‍ക്കാരും അനാസ്ഥ കാട്ടുന്നുവെന്ന് പരാതി

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചെന്ന കേസില്‍ പൊലീസും സര്‍ക്കാരും അനാസ്ഥ കാട്ടുന്നുവെന്ന് ബന്ധുക്കളുടെ പരാതി. പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയെ തുടര്‍ന്ന് ആലപ്പുഴ പഴയവീട് സ്വദേശി ആശ ശരത്ത് മരണപ്പെട്ടിരുന്നു. ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റായിരുന്ന ആശയെ ജനുവരി 19നാണ് ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയില്‍ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചത്. രാവിലെ നടന്ന ശസ്ത്രക്രിയക്കിടെ ആശ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ വണ്ടാനം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. വണ്ടാനത്ത് ചികിത്സയിലിരിക്കെ ജനുവരി 20ന് മരണം സംഭവിക്കുകയായിരുന്നു.ശസ്ത്രക്രിയയില്‍ ഉണ്ടായ സങ്കീര്‍ണ്ണതകളും ഹൃദയ സ്തംഭനവും ആണ് ആശയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇതനുസരിച്ച് കേസ് അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ പോലീസും സര്‍ക്കാരും ഇക്കാര്യങ്ങളില്‍ കാട്ടുന്ന അനാസ്ഥ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും കേസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങള്‍ പരാതി ഉന്നയിക്കുന്നത്. വിദഗ്ദ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കേസ് അന്വേഷിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും പൊലീസ് അനാസ്ഥ കാട്ടുകയാണെന്ന് ഭര്‍ത്താവ് ശരത് ചന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ആശുപത്രി അധികൃതരെയും സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കളക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും നേരില്‍ കണ്ട് പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Top