വിവാഹ ചടങ്ങിനിടെ വധുവിന്റെയും വരന്റെയും തലകൾ മുട്ടിച്ച സംഭവത്തിൽ നാട്ടുകാരനെതിരെ കേസ്

പാലക്കാട് : പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവവധുവിന്റെയും വരന്റെയും തലകൾ മുട്ടിച്ച സംഭവത്തിൽ നാട്ടുകാരനെതിരെ കേസ്. വധുവിന്റെ പരാതിയിലാണ്, തലമുട്ടിച്ച സുഭാഷിനെതിരെ (ലക്ഷ്മണൻ-37) കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. പല്ലശ്ശന തെക്കുംപുറത്ത് സച്ചിന്റെ ഭാര്യയും കോഴിക്കോട് മുക്കം സ്വദേശിയുമായ സജ്‌ലയാണു പരാതിക്കാരി.

ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ്. കേസെടുത്ത ശേഷം സുഭാഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി നോട്ടിസ് നൽകി. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് ആദ്യം സൂചിപ്പിച്ചിരുന്നതെങ്കിലും, നിയമോപദേശത്തെ തുടർന്ന് നോട്ടിസ് നൽകുക മാത്രമേ ചെയ്തുള്ളൂവെന്നു പൊലീസ് വ്യക്തമാക്കി. വിവാഹ ചടങ്ങിനിടെ വധുവിന്റെയും വരന്റെയും തലകൾ മുട്ടിക്കുന്നതും തുടർന്നു വധു കരയുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‌

‌തലമുട്ടിക്കലിനെ തുടർന്നു നവവധു കരയുന്ന വിഡിയോയുടെ നിജസ്ഥിതിയെപ്പറ്റി അന്വേഷിക്കാൻ വനിതാ കമ്മിഷൻ കൊല്ലങ്കോട് പൊലീസിനു നിർദേശം നൽകി. ഇതിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാ കമ്മിഷനു നൽകുമെന്ന് അധികൃതർ പറഞ്ഞു. പല്ലശ്ശനയിൽ നിന്നുള്ള വിവാഹദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നാട്ടിൽ ഇത്തരമൊരു ആചാരമില്ലെന്ന നിലപാടുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.

Top