നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു. നേരത്തെ ഹൈക്കോടതിയും, സുപ്രിംകോടതിയും മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് അഡ്വ.പി.ജി.മനു.

തൊഴില്‍മേഖലയിലെ ശത്രുക്കള്‍ തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അഡ്വ. എം.ആര്‍. അഭിലാഷ് വഴി മനു സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുമായുള്ള ബന്ധം സമ്മതത്തോടെയായിരുന്നുവെന്ന് മനുവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ചൂണ്ടിക്കാട്ടി. എന്നാല്‍, മനു അധികാരസ്ഥാനത്തായിരുന്നു എന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.

കീഴടങ്ങാന്‍ പത്തുദിവസത്തെ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Top