തൃശ്ശൂരില്‍ പൊലീസുകാരനെ ഹെല്‍മറ്റിന് ആക്രമിച്ച് പണം തട്ടിയ കേസ്; പ്രതി പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്ത് പൊലീസുകാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. 29 കാരനായ കയ്പമംഗലം ഡോക്ടര്‍ പടി സ്വദേശി മിഥുനാണ് അറസ്റ്റിലായത്.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം നടന്നത്.

കയ്പമംഗലം സ്റ്റേഷനിലേക്ക് ബൈക്കില്‍ വരുകയായിരുന്നു സിവില്‍ പൊലീസ് ഓഫീസറായ ധനീഷ്. ഈ സമയം മദ്യപിച്ച് റോഡിന് നടുവില്‍ നില്‍ക്കുന്ന മിഥുനെ കണ്ടു. മാറി നില്‍ക്കണമെന്ന് സിപിഒ ധനീഷ് ആവശ്യപ്പെട്ടു. ഇതോടെ മിഥുന്‍ ബഹളമുണ്ടാക്കി. ബൈക്കിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് പൊലീസുകാരനെ അടിക്കുകയും ചെയ്തു.

തുടര്‍ന്ന്, മിഥുന്‍ ബൈക്കിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് എടുത്ത് ഓടി. കയ്പമംഗലം എസ്എച്ചഒ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ പ്രതിക്കായി തെരച്ചില്‍ തുടങ്ങി. മണിക്കൂറുകള്‍ക്കകം മിഥുനെ പിടികൂടാനുമായി.

Top