ഐഎസില്‍ ചേര്‍ന്ന എട്ട് മലയാളി യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന എട്ട് മലയാളി യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

താമരശേരി സ്വദേശി ഷൈബു നിഹാര്‍, കണ്ണൂര്‍ സ്വദേശി ഷഹ്നാദ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വടകര സ്വദേശി മന്‍സൂര്‍, കൊയിലാണ്ടി സ്വദേശി ഫാജിത്, വാണിയമ്പലം സ്വദേശികളായ മുഹദ്ദീസും അഷ്‌റഫ് മൌലവിയും, പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുഎപിഎ ആക്ട് പ്രകാരം വണ്ടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിന് പോകുന്നതിനായി ഇവര്‍ ഏറെ നാളായി പദ്ധതി ഇടുകയായിരുന്നു.

ഇവരില്‍ ഷഹ്നാദും രണ്ട് മന്‍സൂര്‍മാരും നേരത്തെ പോയ മുഹാദിസ് എന്നിവര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസില്‍ ചേര്‍ന്ന് മടങ്ങിയെത്തിയ യു.കെ ഹംസയെന്ന ആളെ നേരത്തെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിറിയയിലേക്ക് യുദ്ധത്തിനായി പോയ യുവാക്കള്‍ ഹംസയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യുദ്ധം നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിനെക്കുറിച്ചുള്ള സംശയങ്ങളാണ് യുവാക്കള്‍ ഹംസയുമായി പങ്ക് വച്ചിരുന്നത്.

തീവ്ര ഇസ്ലാമിക് നിലപാട് അനുസരിച്ച് സിറിയയിലേക്ക് വിശുദ്ധയുദ്ധത്തിന് പോകുന്നതാണ് അനുയോജ്യമെന്ന് ഹംസം യുവാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും പൊലീസ് വ്യക്തമാക്കുന്നു.

സിറിയയിലേക്ക് പോകാന്‍ തയാറെടുത്ത യുവാക്കള്‍ നിരവധി തവണ ഹംസയുടേയും അഷ്‌റഫ് മൌലവിയുടെയും വസതികളില്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

Top