ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 350 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ 350 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ രണ്ട് കേസുകളാണ് തേഞ്ഞിപ്പലം പൊലീസ് എടുത്തിട്ടുള്ളത്. നിയമവിരുദ്ധമായി ഒത്തുചേരുക, കലാപമുണ്ടാക്കുക, പൊതു വഴിയില്‍ തടസം സൃഷ്ടിക്കല്‍, പൊതുപ്രവര്‍ത്തകനെ ചുമതല തടസപ്പെടും വിധം ഉപദ്രവിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 143, 147, 283, 332, 353,149 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുമെന്ന് അറിയിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വിശുകയും വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് നീക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവരെ മര്‍ദ്ദിച്ചതായി എസ്എഫ്‌ഐ ആരോപിച്ചു.

പൊലീസ് വാഹനത്തിലേക്ക് കയറാന്‍ വിസമ്മതിച്ച പ്രവര്‍ത്തകര്‍ ‘ചാന്‍സലര്‍ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പൊലീസിനെ നേരിട്ടത്. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ബസ്സില്‍ നിന്ന് ആര്‍ഷോയും മറ്റ് പ്രവര്‍ത്തകരും വീണ്ടും തിരിച്ചിറങ്ങി. വീണ്ടും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

കനത്ത പൊലീസ് സുരക്ഷയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധം എവിടെയാണെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. താന്‍ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ല. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ്. മുഖ്യമന്ത്രി അക്രമത്തിന് ചുക്കാന്‍ പിടിക്കുകയാണ്. എസ്എഫ്‌ഐക്കാര്‍ വിചാരിച്ചത് താന്‍ കാറില്‍ നിന്ന് പുറത്തിറങ്ങില്ലെന്നാണ്. അങ്ങനെ അന്ന് ഇറങ്ങിയതോടെ കളിമാറി. എസ്എഫ്‌ഐക്കാര്‍ പേടിച്ചോടിയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top