തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്‍ത ഇലക്ട്രിക് കാർ രാജ്യാന്തര എനർജി കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഓട്ടോമൊട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയുമാണ് വിദ്യാർഥികൾ ഇലക്ട്രിക് കാർ വികസിപ്പിച്ചത്. കേരള സർക്കാരിന്റെ അഡീഷണൽ സ്‍കിൽ അക്വിസിഷൻ പ്രോഗ്രാമും ഈ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്.
2022 ഒക്‌ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അഞ്ചു ടീമുകളിൽ ഒന്നാണ് ബാർട്ടൻ ഹിൽ കോളേജിലെ വിദ്യാർത്ഥികളുടേത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘പ്രവേഗ’ യാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമിച്ചത്. പ്രവേഗ ടീമിന്റെ ഫാക്കൽറ്റി അഡ്വൈസർ ഡോ.അനീഷ് കെ ജോൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.
നേരത്തെ ഉണ്ടായിരുന്ന ഡിസൈൻ തന്ത്രങ്ങൾ പരിഷ്കരിച്ചുകൊണ്ട് പൂർണമായും കാർ പുനർനിർമ്മിക്കുകയാണ് ചെയ്‍തത് എന്ന് പ്രവേഗ ടീമിന്റെ ലീഡർ കല്യാണി എസ് കുമാർ പറഞ്ഞു. പ്രകൃതിയിൽ നിന്നും, മാലിന്യങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്തതുമായ വസ്തുക്കൾ കാറിന്റെ നിർമാണത്തിൽ ഉപയോഗിച്ചു എന്നതാണ് കാറിനെ വ്യത്യസ്തമാക്കുന്നത് എന്നും ഒപ്റ്റിമൽ എയറോഡൈനാമിക്സും കുറഞ്ഞ ഭാരവും ഉപയോഗിച്ച്, കാർബൺ പുറം തള്ളൽ ഏറ്റവും കുറഞ്ഞ അളവിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇ-മൊബിലിറ്റി രംഗത്തെ ടെക്‌നോളജി ലീഡറായ ആക്സിയയുടെ പിന്തുണ, ഇലക്ട്രോണിക്, സോഫ്റ്റ്‌വെയർ ഡിസൈനും സ്ട്രാറ്റജിയും ഏറ്റവും മികച്ചതാക്കാൻ തങ്ങളെ വളരെയധികം സഹായിച്ചതായും കല്യാണി എസ് കുമാർ പറയുന്നു.