‘ഒരു കുടുംബത്തിന് ഒരു കാര്‍’ ; ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി

car india

ന്യൂഡല്‍ഹി: ഒരു കുടുംബത്തിന് ഒരു കാര്‍ എന്ന വ്യവസ്ഥയില്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നയം രൂപവത്ക്കരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് യു.ഡി ശെല്‍വി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയ ബഞ്ച് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

നേരത്തെ, സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് അഭിഭാഷകനായ സാജന്‍ കെ സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിന് ഒരു കാര്‍ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാവൂയെന്ന നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഡല്‍ഹി വാതക ചേംബറായി മാറിക്കഴിഞ്ഞുവെന്നും അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 1981 നും 2001 നും ഇടയില്‍ രാജ്യതലസ്ഥാനത്തെ വാഹനങ്ങളുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചുവെന്നും കണക്കുകള്‍ നിരത്തി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Top