ഏക ഭൂമി, ഏക ആരോഗ്യം എന്ന സമീപനം പിന്തുടരാന്‍ ആഹ്വാനം; ജി7 ഉച്ചകോടിയില്‍ മോദി

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ ആഗോളതലത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ലോകത്തെ തിരികെ പൂര്‍ണ ആരോഗ്യത്തില്‍ പുനര്‍നിര്‍മിക്കാനും ‘ഏക ഭൂമി, ഏക ആരോഗ്യം’ എന്ന സമീപനം പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യക്ക് സഹായം നല്‍കിയ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.

കൂടാതെ കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് പരിരക്ഷ താല്‍ക്കാലികമായി നീക്കംചെയ്യാന്‍ അദ്ദേഹം ജി7 സഖ്യത്തിന്റെ പിന്തുണ തേടി. ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആഗോള ഐക്യം, നേതൃത്വം, ഐക്യദാര്‍ഢ്യം എന്നിവയ്ക്ക് ആഹ്വാനം ചെയ്ത മോദി വെല്ലുവിളികളെ നേരിടാന്‍ ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രസംഗത്തില്‍ വാചാലനായി.

സര്‍ക്കാര്‍ വ്യവസായ പൊതു സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതര വികസ്വര രാജ്യങ്ങളുമായി ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും പങ്കുവെക്കാന്‍ തയ്യാറാണെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. ജി7 ഉച്ചകോടിയുടെ ആദ്യ സെഷനിലെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് പുറമെ ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Top