കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.

ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും കാലുകളും മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ വെച്ച് മനുഷ്യ ശരീരം കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ദുര്‍ഗന്ധത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ആദ്യം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവി നശിപ്പിച്ച നിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് ഒരു വീട് മാത്രമേയുള്ളു. ഈ വീട്ടിലുള്ള സിസിടിവി പരിശോധിക്കാനാണ് നീക്കം . പൊലീസ് നായയെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന തുടരുകയാണ്.

Top