കാലിക്കറ്റ് സര്‍വകലാശാലയില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം നശിക്കുന്നു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം കാടു കയറി നശിക്കുന്നു. പത്ത് വര്‍ഷം മുമ്പ് രണ്ടര കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയത്തിന്റെ കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. പണിപൂര്‍ത്തിയായി വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തനത്തിനായി കെട്ടിടം ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല.

പഠനം, ഗവേഷണം എന്നിവക്ക് പുറമേ മലബാര്‍ മേഖലയുടെ സാമൂഹിക-സാംസ്‌കാരിക-ജൈവ വൈവിധ്യം, ചരിത്രം എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആഴത്തിലുള്ള പഠനമായിരുന്നു മ്യൂസിയത്തിലൂടെ ലക്ഷ്യം വച്ചത്. ഇതിനുള്ളില്‍ തന്നെയുള്ള ബഷീര്‍ ചെയറില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും പൊടി പിടിച്ച് കിടക്കുകയാണ്.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ആദ്യമായി നിര്‍മ്മിച്ച മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയമാണ് കാലിക്കറ്റ് സര്‍വകലാശാലയിലേത്. തെരുവ് നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് ഇപ്പോള്‍ കെട്ടിടം. പണി പൂര്‍ത്തിയായ കെട്ടിടത്തിന് ചോര്‍ച്ചയുണ്ടായപ്പോള്‍ 40 ലക്ഷം രൂപ ചെലവിട്ട് മേല്‍ക്കൂര നിര്‍മ്മിച്ചു. എട്ട് ലക്ഷത്തിന്റെ പുല്‍ത്തകിടിയുണ്ടാക്കി മനോഹരമാക്കുകയും ചെയ്തു. പഠന- ഗവേഷണ- പ്രദര്‍ശന കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ട കെട്ടിടത്തിന്റെ പരിസരങ്ങളില്‍ വാഴയും മരച്ചീനിയും ചേമ്പുമാണ് ഇപ്പോള്‍ കൃഷി.

Top