ബജറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് നത്തിങ്. രണ്ട് പ്രീമിയം സ്മാര്‍ട്ഫോണുകളാണ് ഇതുവരെ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. നത്തിങ് ഫോണ്‍ 1, നത്തിങ് ഫോണ്‍ 2 എന്നിവയാണവ. നത്തിങ് ഫോണ്‍ 2എ എന്ന് പേരിട്ടിരിക്കുന്ന ബജറ്റ് സ്മാര്‍ട്ഫോണ്‍ താമസിയാതെ അവതിരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ എക്സിലെ പ്രൊഫൈല്‍ ബയോയില്‍ ‘ഈ ആഴ്ച ചിലത് വരുന്നുണ്ട്’ എന്ന് നത്തിങ് എഴുതിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
നത്തിങ് ഫോണ്‍ 2 ന്റെ ബേസ് മോഡലായ 8 ജിബി 128/ജിബി വേരിയന്റ് 44,999 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ 8 ജിബി/256 ജിബി വേരിയന്റിന് 39,999 രൂപയാണ് വില. 12 ജിബി/256 ജിബി വേരിയന്റിന് 44,999 രൂപയായും കുറഞ്ഞിട്ടുണ്ട്.. അതായത് 40000 രൂപ റേഞ്ചിലാണ് ഈ ഫോണ്‍ ലഭ്യമായത്. അതിനാല്‍ വിലകുറഞ്ഞ പതിപ്പായ നത്തിങ് ഫോണ്‍ 2എയ്ക്ക് 30000 രൂപ റേഞ്ചിലായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫോണുകള്‍ ഇറക്കുന്ന ബ്രാന്‍ഡ് ആയതിനാല്‍ 20000 ലേക്ക് താഴാന്‍ ഇടയില്ല.ബജറ്റ് ഫോണായതിനാല്‍ ക്വാല്‍കോമിന്റേയോ, മീഡിയാ ടെക്കിന്റേയോ മിഡ്റേഞ്ച് 5ജി ചിപ്പുകളില്‍ ഏതെങ്കിലും ആയിരിക്കും ഉപയോഗിക്കുക. നത്തിങ് ഫോണുകളുടെ മുഖ്യ സവിശേഷതയായ ഗ്ലിഫ് ഇന്റര്‍ഫെയ്സ് ബജറ്റ് ഫോണിലും ഉണ്ടാവും.
6.7 ഇഞ്ച് അമോലെഡ് ഡിസ്പേയുള്ള സ്മാര്‍ട്ഫോണ്‍ ആയിരിക്കും നത്തിങ് ഫോണ്‍ 2എ. പഞ്ച് ഹോള്‍ ഡിസ്പ്ലേ ആയിരിക്കും ഇതിന്. ഏത് ചിപ്പ്സെറ്റാണ് ഇതില്‍ ഉപയോഗിക്കുക എന്ന് വ്യക്തമല്ല.നത്തിങ് ഫോണ്‍ 2 ന്റെ വില കുറഞ്ഞ പതിപ്പൊഴികെ നത്തിങ് പുതിയ ഇയര്‍ഫോണോ, വാച്ചോ പുറത്തിറക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെയില്ല. പുതിയ ഫോണിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതായത് ഫോണ്‍ ഇന്ത്യയിലും അവതരിപ്പിക്കപ്പെടും.