സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫീസില്‍ സര്‍ക്കാറിനു നിയന്ത്രണമുണ്ടാകില്ല. അതേ സമയം സംവരണം ഉറപ്പാക്കാനുള്ള വ്യവസ്ഥകളുള്ള കരട് ബിലാണ് നിയമവകുപ്പിന്റെ പരിഗണനയിലുള്ളത്.. വിദേശ സര്‍വ്വകലാശാലക്ക് യുജിസി അനുവാദം നല്‍കിയപ്പോള്‍ എതിര്‍പ്പ് ഉയര്‍ത്തിയ സിപിമ്മാണിപ്പോള്‍ കേരളത്തില്‍ പച്ചക്കൊടി കാട്ടുന്നത്

സകലവാതിലുകളും തുറന്നിട്ടാണ് ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെയും വിദേശ സര്‍വ്വകലാശാലകളെയും കേരളം ആനയിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സംരഭം മാത്രമെന്ന പ്രഖ്യാപിത നയത്തിലെ മാറ്റത്തിന് നേരത്തെ സിപിഎം രാഷ്ട്രീയതീരുമാനമെടുത്തതാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കരട് നിയമവകുപ്പ് പരിഗണനയിലാണ്. ഫീസിലും സംവരണത്തിലുമായിരുന്നു ഇതിനകം വലിയ ചര്‍ച്ച. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വ്വകലാശാലകളിലൊന്നും ഫീസില്‍ സര്‍ക്കാറിന് അധികാരമില്ല. സമാന മാതൃകയാണ് ഇവിടെയും പിന്തുടരുക. ഫീസില്‍ സര്‍ക്കാറിന് നിയന്ത്രണമുണ്ടായാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ വരാന്‍ താല്പര്യം കാട്ടില്ല. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം കരടിലുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ധസമിതി വേണമെന്നാണ് വ്യവസ്ഥ. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഒരു മുന്‍ വിസി, വിദ്യാഭ്യാസ വിദഗ്ധന്‍ അടങ്ങുന്ന സമിതിയാാണ് നിലവില്‍ മുന്നോട്ട് വെക്കുന്നത്.

Top