‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്നത് പറ്റില്ല, ‘ഭാരത’ എന്ന ഭാഗം മറച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരിലെ ‘ഭാരത’ എന്ന ഭാഗം മറച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും പേര് മാറ്റിയാല്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നതെന്നും ചിത്രത്തിലെ നായകന്‍ സുഭീഷ് സുധി പറഞ്ഞു. പേരിലെ ‘ഭാരത’ മാറ്റി വീണ്ടും സമര്‍പ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കത്തില്‍ പറയുന്നത്.

‘ഒന്നര വര്‍ഷം മുമ്പേ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത പേരാണിത്,’ സുഭീഷ് സുധി പറയുന്നു. ‘ട്രെയ്‌ലര്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തിയപ്പോള്‍ ഈ പേര് നല്‍കാനാവില്ലെന്ന് പറഞ്ഞത്. വിശദീകരണം കൊടുത്തപ്പോള്‍ ചിത്രം കാണട്ടെ എന്നായി. ചിത്രം കണ്ട ശേഷം സിനിമയുടെ ഉള്ളടക്കത്തില്‍ പ്രശ്‌നമില്ല, എന്നാല്‍ പേരിലെ ‘ഭാരതം’ ഒഴിവാക്കണമെന്നുമാണ് പറയുന്നത്. ഭാരത സര്‍ക്കാരിനു പകരം മറ്റെന്ത് സര്‍ക്കാരായാലും പ്രശ്‌നമില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിനും അപ്പുറമാണിത്’ -സുഭീഷ് വ്യക്തമാക്കി.

സിനിമ റിലീസ് ചെയ്യാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഇപ്പോള്‍ ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന രീതിയില്‍ മാറ്റണമെന്നാണ് പറയുന്നത്. ഞങ്ങള്‍ ഇഷ്ടം കൊണ്ട് ഉണ്ടാക്കിയ സിനിമയാണിത്. ഇങ്ങനെയൊരവസ്ഥ വന്നതില്‍ ങങ്ങള്‍ എല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി പോകാനൊന്നും താല്‍പര്യമില്ല. കേരളീയ പൊതുസമൂഹത്തോടാണ് ഇക്കാര്യങ്ങള്‍ പറയാനുള്ളതെന്നും സുഭീഷ് കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് ചിത്രത്തിന്റെ ‘ഭാരത’ എന്ന ഭാഗം മറച്ചുകൊണ്ടുള്ള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

Top