ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റിട്ട ബാങ്ക് ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ന്യൂയോര്‍ക്: ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റിട്ട ബാങ്ക് ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സിറ്റി ബാങ്കിലെ ജീവനക്കാരി നൊസിമ ഹുസൈനോവയെ ആണ് എക്‌സ് പോസ്റ്റിന് പിന്നാലെ പിരിച്ച് വിട്ടത്. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെ പിന്തുണച്ചായിരുന്നു പോസ്റ്റ്. ഹിറ്റ്‌ലര്‍ ജൂതരെ കൊന്നൊടുക്കിയതില്‍ ഒരു അദ്ഭുതവും തോന്നുന്നില്ലെന്ന് അര്‍ത്ഥമാക്കുന്ന പോസ്റ്റിനെതിരെ എക്‌സില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇസ്രയേലിനെതിരായ പരാമര്‍ശവും വിദ്വേഷപരമായ പരാമര്‍ശത്തെയും അപലപിക്കുന്നതായും ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായും ബാങ്ക് പിന്നീട് അറിയിച്ചു. ഇത്തരം ആളുകളെ ബാങ്കില്‍ വെച്ച് പൊറുപ്പിപ്പിക്കില്ലെന്നും ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. ബാങ്ക് ശരിയായ നടപടിയെടുത്തുവെന്നാണ് നിരവധി പേര്‍ ഈ തീരുമാനത്തെ പിന്തുണച്ച് അഭിപ്രായപ്പെട്ടത്.

ഗാസ്സ ആശുപത്രിയിലെ ഇസ്രയേലിന്റെ ബോംബാക്രമണത്തെ അപലപിച്ചാണ് ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെ നൊസിമ ഹുസൈനോവ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റിട്ടത്. എന്തുകൊണ്ടാണ് ഹിറ്റ്ലര്‍ ഇവരില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ആഗ്രഹിച്ചത് എന്നതില്‍ അതിശയിക്കാനില്ല എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. സിറ്റി ബാങ്കിനെ ടാഗ് ചെയ്ത് നിരവധി വിയോയജനകുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ജീവനക്കാരിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടെന്നും ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സിറ്റി ബാങ്ക് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൌണ്ടിലൂടെ പ്രതികരിച്ചു.

Top