ആയുധം കൊണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്; കാസര്‍ഗോഡ് കൊലപാതകത്തെ അപലപിച്ച് എ.എ.റഹിം

dyfi11

തിരുവനന്തപുരം: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഒരു തരത്തിലുമുള്ള അക്രമ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും നിങ്ങള്‍ കൊല്ലപ്പെട്ടാലും ഞങ്ങള്‍ കൊല്ലപ്പെട്ടാലും അത് ദൗര്‍ഭാഗ്യകരം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് ആയുധം കൊണ്ടല്ല. ആയുധം കൊണ്ട് ആര് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാലും അത് അധര്‍മ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് സമൂഹം ആഗ്രഹിക്കുന്നതല്ല. സമൂഹത്തിന് നന്മ ചെയ്യുക എന്നതിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാകേണ്ടത്. അല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ആരായാലും അത് ഞങ്ങളുടെ കൊടി പിടിച്ച് ഒരു ദിവസമെങ്കിലും നടന്ന ആളാണെങ്കില്‍ കൂടി തെറ്റാണ്, അദ്ദേഹം വ്യക്തമാക്കി.

വളരെ അര്‍പ്പണബോധത്തോട് കൂടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനിറങ്ങുന്ന ഇതേ കൊടി പിടിക്കുന്ന ലക്ഷക്കണക്കിന് നിരപരാധികളായ പ്രവര്‍ത്തകരുടെ മുഖത്താണ്‌, കൊലപാതകം പോലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന വിരലിലെണ്ണാവുന്ന ചിലര്‍ കരിവാരിത്തേയ്ക്കുന്നതെന്നും ഈ പ്രസ്ഥാനം ചെയ്യുന്ന നന്മകളേയും ഇവര്‍ ഇല്ലാതാക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത്തരം പ്രവണതകള്‍ മാറിയേ മതിയാകൂ എന്നും എ.എ.റഹിം കൂട്ടിച്ചേര്‍ത്തു.

Top