അഞ്ചാംവിവാഹത്തിനൊരുങ്ങിയ 55-കാരന്‍ പിടിയില്‍

ഡൽഹി: അഞ്ചാംവിവാഹത്തിനായി എത്തിയ വിവാഹത്തട്ടിപ്പുകാരനെ വിവാഹവേദിയില്‍നിന്ന് പോലീസ് പിടികൂടി. നേരത്തെ വിവാഹം കഴിച്ച ഭാര്യമാരും മക്കളും വിവാഹവേദിയിലേക്ക് ഇരച്ചെത്തിയതോടെയാണ് തട്ടിപ്പുകാരന്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം.

ഷാഫി അഹമ്മദ് എന്ന 55-കാരനാണ് നേരത്തെ നാലുവിവാഹം കഴിച്ച കാര്യം മറച്ചുവെച്ച് അഞ്ചാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങ്. എന്നാല്‍ ചടങ്ങിനിടെ ഇയാളുടെ മറ്റു ഭാര്യമാരും ഏഴ് മക്കളും വേദിയിലെത്തി. തുടര്‍ന്ന് ഇവര്‍ പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വധുവിന്റെ കൂട്ടരോട് വെളിപ്പെടുത്തി. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവര്‍ വരനെ കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വരന്റെ മക്കള്‍ വിവരമറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് ഇന്‍സ്‌പെക്ടര്‍ തേജ് പ്രകാശ് സിങ് പറഞ്ഞു. അതേസമയം, പിതാവ് ചെലവിന് പോലും പണം നല്‍കാറില്ലെന്നും ഇതിനിടെയാണ് വീണ്ടും വിവാഹം കഴിക്കുന്ന വിവരം അറിഞ്ഞതെന്നും ഷാഫി അഹമ്മദിന്റെ മക്കള്‍ പ്രതികരിച്ചു.

Top