സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ 49കാരൻ റിമാന്‍ഡില്‍

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 49 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.

വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ നിർദേശത്തിൽ പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ എളേറ്റിൽ വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്നു പ്രതി ബാബു ഒളിവില്‍ പോയി. ഇയാളെ മഞ്ചേരിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

കൊടുവള്ളി ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ് അരീക്കര, എസ് ആർ രശ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ പി അബ്ദുൽ റഹീം, സിപിഒ മരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Top