മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന് റഷ്യ

മോസ്‌കോ: അണവായുധ ഭീഷണി ആവര്‍ത്തിച്ച് റഷ്യ. മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആണ് മുന്നറിയിപ്പ് നല്‍കിയത്. യുക്രൈന്‍ ആണവായുധ ശേഷി കൈവരിക്കാന്‍ റഷ്യ അനുവദിക്കില്ലെന്നും ലാവ്റോവ് പറഞ്ഞു.

യുക്രൈന്‍ ആണവായുധം ആര്‍ജിക്കുന്നത് റഷ്യയ്ക്ക് അങ്ങേയറ്റം അപകടകരമാണ്. തങ്ങളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താമെന്ന് കരുതേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നത് അമേരിക്കയാണെന്നും സെര്‍ജി ലാവ്റോവ് കുറ്റപ്പെടുത്തി.

അതിനിടെ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലാകുന്നതായി റിപ്പോര്‍ട്ട്. രണ്ടാംഘട്ട ചര്‍ച്ചയ്ക്കായി യുക്രൈന്‍ സംഘം എത്തുമോയെന്ന് ഉറപ്പില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യന്‍ സംഘം ചര്‍ച്ചയ്ക്ക്‌ തയ്യാറാണെന്നും പെസ്‌കോവ് പറഞ്ഞു.

Top