ഡല്‍ഹിയില്‍ 24കാരിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ 24കാരിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. ജൈത്പുര്‍ സ്വദേശിയായ പൂജ യാദവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആള്‍ യുവതിയുടെ ആണ്‍സുഹൃത്തിന്റെ സഹോദരന്‍ ആണ്. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.

മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ റോക്കിയെന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ രണ്ടാംപ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പൂജയുമായുള്ള സഹോദരന്റെ ബന്ധം ഇയാള്‍ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

അടുത്തടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ സംഭവിക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. വ്യാഴാഴ്ച ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാകം മുഖം കല്ലു കൊണ്ട് തകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു.

Top