തിരുവനന്തപുരം വര്‍ക്കലയില്‍ 23കാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ് ; ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 23കാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് ബന്ധുക്കള്‍. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനു. 29 ന് വര്‍ക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചെതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

29 ന് വൈകീട്ട് വീടിനടുത്തുള്ള കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ശാരീരിക അസ്വസ്ഥതകള്‍ ആദ്യം കാര്യമാക്കിയില്ല. എന്നാല്‍, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോജരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വര്‍ക്കലയില്‍ 64 പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ മറ്റൊരു സംഭവത്തില്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും എന്ന് പൊലീസ് അറിയിച്ചു.

Top