ഗഞ്ചം: ഒഡീഷയിൽ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ സോറഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭഗബൻപൂർ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. 22 വയസുകാരിയായാണ് കൊലപ്പെട്ടത്. സംഭവത്തിൽ 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം നടക്കുന്നത്.
യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് കോടല പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകവിവരം പപറത്തറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ വ്യാഴാഴ്ച റുഷികുല്യ നദിയിൽ നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. 22 കാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കഷണങ്ങളാക്കി നദിയിലെറിഞ്ഞതായി യുവാവ് പൊലീസിനോട് സമ്മതിച്ചു.
പ്രതി ഭാര്യയോട് സ്വർണ്ണാഭരണങ്ങള്‍ തനിക്ക് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ ആഭരണങ്ങള്‍ നൽകാൻ വിസമ്മതിച്ചു. ഇതിനെ ചൊല്ലി ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കിട്ടു. വാക്കേറ്റത്തിനൊടുവിൽ പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിക്കരയിലെത്തിച്ചു. തുടർന്ന് കോടാലികൊണ്ട് ഭാര്യയുടെ ശരീരം വെട്ടിമുറിച്ച് അഞ്ച് കഷ്ണങ്ങളാക്കി നദിയിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റ് ബിസിനസ് തുടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച കൊലപാതകം നടത്തിയ ശേഷം പിറ്റേദിവസം ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. മൃതദേഹം വെട്ടിമുറിക്കാനുപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങൾകണ്ടെത്തിയ ശേഷം വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ ശരീരഭാഗങ്ങള്‍ക്കായി ഫയർഫോഴ്സ് നദിയിൽ തെരച്ചിൽ തുടരുകയാണ്.