പൊലീസ് ചമ‍ഞ്ഞ് ഭീഷണിപ്പെടുത്തി; ഡല്‍ഹിയിൽ 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു

ഡല്‍ഹി: ഇരുപത് വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിയെ പൊലീസ് ചമഞ്ഞെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. വിദ്യാര്‍ത്ഥിനിയും കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അവ മാതാപിതാക്കള്‍ക്ക് കൊടുക്കുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തായിയിരുന്നു പീഡനം. ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി രവി സോളങ്കിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

രോഹിണിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസിച്ചിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. ജൂലൈ ഏഴാം തീയ്യതി രാത്രി 8.45ഓടെ ഒരു സുഹൃത്താണ് യുവതിയെ വീടിന് മുന്നില്‍ വാഹനത്തില്‍ കൊണ്ടുവിട്ടത്. വാഹനത്തില്‍ നിന്ന് ഇറങ്ങി അപ്പാര്‍ട്ട്മെന്റിലെ പടികള്‍ കയറുന്നതിനിടെ യുവാവ് പിന്തുടരുകയും താന്‍ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു.

കാമുകനുമൊത്തുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അത് ഒഴിവാക്കാന്‍ തന്റെ കൂടെ വരാന്‍ നിര്‍ബന്ധിച്ചു. യുവതി താമസിക്കുന്ന അതേ കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ശേഷം ഇയാള്‍ സ്ഥലംവിട്ടു. സംഭവം ആരോടെങ്കിലും പറഞ്ഞാലും വീഡിയോ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ആദ്യം ഭയന്നെങ്കിലും യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചും സംശയമുള്ള നാല്‍പതോളം പേരെ നിരീക്ഷിച്ചുമാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിയോടെ ഇയാള്‍ ബൈക്കിലാണ് അപ്പാര്‍ട്ട്മെന്റിന് മുന്നിലെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംശയം തോന്നിയ ആയിരത്തോളം ബൈക്കുകളും പൊലീസ് പരിശോധിച്ചു. ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

33 വയുസുകാരനായ രവി സോളങ്കി ഡല്‍ഹിയിലെ പുന്ത്കാലന്‍ ഗ്രാമവാസിയാണ്. 2016ല്‍ വിവാഹിതനായ ഇയാള്‍ക്ക് അഞ്ചും നാലും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ഡല്‍ഹി പൊലീസിന്റെ മുദ്രയുള്ള തന്റെ ആയുധ ലൈസന്‍സാണ് ഇയാള്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചത്.

Top