പ്രതിപക്ഷ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും

ഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം മണിപ്പൂരില്‍ എത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. അക്രമബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേതാക്കള്‍ വിലയിരുത്തും. തുടര്‍ന്ന് ഞായറാഴ്ച സംഘം ഗവര്‍ണറെ കാണും. കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും സംഘത്തിലുണ്ട്. സംഘം ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെ ഇംപാലില്‍ എത്തും. സംസ്ഥാനത്തെ മലയോര മേഖലകളിലെയും താഴ്വരയിലെയും അക്രമ ബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. ഞായറാഴ്ച മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയെയും സംഘം കാണും.

എംപിമാര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ എംപിമാര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും പ്രതിപക്ഷ സഖ്യം അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, സന്തോഷ് കുമാര്‍, എ.എ റഹീം, പി.പി മുഹമ്മദ് ഫൈസല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഡി രവികുമാര്‍ എന്നിവര്‍ 20 അംഗ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നു.

അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മണിപ്പൂരില്‍ നടന്ന വിവിധ അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വിഷ്ണുപുരിലെ ആറ് വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതായും അന്വേഷണ സംഘം അറിയിച്ചു.

Top