വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവന്തപുരം വര്‍ക്കലയില്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ചാവര്‍കോടുള്ള ഒഴിഞ്ഞ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദാസിന്റേതാണെന്ന് മൃതദേഹമെന്ന് പാരിപ്പള്ളി പൊലീസ് സ്ഥിതീകരിച്ചു.

കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആണ് തിരച്ചില്‍ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു. മൃതദേഹത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം മുഴുവന്‍ തെരുവ് നായ്ക്കള്‍ ഭക്ഷിച്ചിട്ടുണ്ട്.

ഫോറന്‍സിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അജിത് ദാസിന് കുടുബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഉപദ്രവിച്ചതായി കാണിച്ച് ഭാര്യ പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

Top