ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് 13 വയസ്സുള്ള പലസ്തീന്‍ ബാലന് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ താവൂണ്‍ ഏരിയയിലെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകട വിവരം ലഭിച്ച ഉടനെ പൊലീസും പട്രോളിംഗ് സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്.
ഷാര്‍ജയിലുണ്ടായ മറ്റൊരു അപകടത്തില്‍ ആറുവയസ്സുള്ള അഫ്ഗാന്‍ സ്വദേശിയായ ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അമിതവേഗതയില്‍ വാഹനമെന്നും വിവരമുണ്ട്. ഡ്രൈവറെ അല്‍ ബുഹൈറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പൊലീസ് അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സിഗ്‌നല്‍ വന്നപ്പോള്‍ കുട്ടി റോഡ് മുറിച്ചുകടക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. ക്രോസ് ചെയ്യുന്ന വാഹനത്തിന്റെ ഇടതുവശത്ത് നിന്ന് കുട്ടി പുറത്തേക്ക് വന്നതാണ് അപകടത്തിന് വഴിവെച്ചത്.