സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ 13 കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

baby

മുംബൈ: പീഡനത്തിനിരയായി ഗര്‍ഭിണിയായ 13 വയസുകാരി പ്രസവിച്ചു.

32 ആഴ്ച പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാന്‍ പെണ്‍കുട്ടിക്ക് സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രസവം നടന്നത്. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

അതേസമയം 1.8 കിലോഗ്രാം തൂക്കമുള്ള കുട്ടി ആരോഗ്യവാനാണെങ്കിലും പല അവയവങ്ങള്‍ക്കും പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ശ്വാസം തടസം നേരിടുന്നതിനാല്‍ കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നുണ്ട്.

നിലവില്‍ 20 ആഴ്ചയില്‍ അധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കോടതി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഈ അവസരത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് 13 വയസുകാരി കുട്ടിക്കും ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനും ഗുണകരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടും മുമ്പ് ഇത്തരം കേസുകളില്‍ വിവിധ കോടതികളുടെ വിധിയും മറികടന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിത്വാ റോയ്, എ.എം.ഖന്‍വീല്‍ക്കര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത്. സെപ്തംബര്‍ എട്ടിന് ഗര്‍ഭച്ഛിദ്രം നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയിരിന്നത്.

തുടര്‍ന്ന് ഇതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്.

Top