naga chaitanya statement

പ്രേമം സിനിമയുടെ തെലുങ്ക് റീമേക്കിനെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാപ്രേക്ഷകരുടെയും ട്രോളന്മാരുടെയും ചര്‍ച്ച.

തെലുങ്ക് റീമേയ്ക്കില്‍ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോള്‍ തുടങ്ങിയ ട്രോളുകളാണ്. ഇപ്പോള്‍ ട്രെയിലര്‍ ഇറങ്ങിയിട്ട് പോലും ട്രോളിന്റെ ഒഴുക്കു കുറയുന്നില്ല.

ശ്രുതി ഹാസന്‍ തല്‍ക്കാലം രക്ഷപ്പെട്ടെന്ന് തോന്നുന്നു. ട്രെയിലര്‍ കൂടി വന്നതോടെ ട്രോളന്മാര്‍ക്ക് നാഗചൈതന്യയോടാണ് ഇഷ്ടം കൂടിയിരിക്കുന്നത്.

നിവിന്‍ അവതരിപ്പിച്ച ജോര്‍ജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മലയാളികള്‍ മാത്രമല്ല തമിഴന്മാരും സിനിമയ്‌ക്കെതിരെ തിരിഞ്ഞതാണ് ട്രോളുകളുടെ എണ്ണം കൂടാന്‍ കാരണം. എന്നാല്‍ ഈ ട്രോളുകളെല്ലാം തന്നെ വേദനപ്പിച്ചെന്ന് നാഗചൈതന്യ വ്യക്തമാക്കി.

പ്രേമം സിനിമ റീമേക്ക് ചെയ്യുമ്പോള്‍ തന്റെ മനസ്സില്‍ കൃത്യമായൊരു ലക്ഷ്യം ഉണ്ടായിരുന്നെന്നും സ്‌ക്രീനില്‍ ആവിഷ്‌കരിച്ചത് യഥാര്‍ത്ഥ ജീവിതം തന്നെയാണെന്നും നാഗ പറഞ്ഞു.

ഒരുപാട് ചിത്രങ്ങള്‍ പ്രചോദനമായിട്ടുണ്ട്. മലയാളത്തില്‍ നിന്നുമാത്രമല്ല മറ്റു ഭാഷകളില്‍ നിന്നെല്ലാം തെലുങ്കില്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യാറുണ്ട്. പ്രേമം പോലൊരു കള്‍ട്ട് ക്ലാസിക് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും നാഗചൈതന്യ പറയുന്നു.

മലര്‍ ടീച്ചറായി എത്തുന്ന ശ്രുതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെപ്പറ്റിയും നാഗ പറഞ്ഞു. ‘മഡോണയും അനുപമയും തെലുങ്ക് പ്രേക്ഷകര്‍ക്ക് പുതിയമുഖങ്ങളാണ്. അവര്‍ക്ക് പരിചിതമായൊരു മുഖം സിനിമയില്‍ വേണമെന്ന തീരുമാനത്തോടെയാണ് ശ്രുതിയെ മലരിന്റെ വേഷത്തില്‍ പരിഗണിച്ചത്.

ആ കഥാപാത്രത്തിന് കൂടുതല്‍ സ്റ്റാര്‍ വാല്യു ഉയരാനും ഇത് കാരണമായി. മറ്റൊരു തലത്തിലാണ് ശ്രുതി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാഗചൈതന്യ പറഞ്ഞു.

തന്റെ ജീവിതം പോലെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ഇതിലെ നായകന്‍ സഞ്ചരിക്കുന്നത്. ഞാനും ഇതുപോലെ തന്നെ കടന്നുപോയ ആളാണ്. പ്രേമം സിനിമയുടെ ഒറിജിനല്‍ കണ്ട് ഞാന്‍ കരഞ്ഞുപോയിരുന്നു. നാഗ തുറന്നു പറയുന്നു.

Top