apple iphone

ലോകമെമ്പാടും ആപ്പിളിന്റെ ഐഫോണ്‍ വില്‍പ്പന പൊടി പൊടിക്കുകയാണ്. പുതുതായി പുറത്തിറങ്ങിയ ഐഫോണ്‍ 7 നാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ ഐഫോണ്‍ 7, 7 പ്ലസ് വാങ്ങാന്‍ ദുബായില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 47460 രൂപയ്ക്ക് ഐഫോണ്‍ 7 ദുബായില്‍ ലഭിക്കും.

ദുബായ് മാള്‍ ഓഫ് ദി എമിറേറ്റ്‌സിലെ ആപ്പിള്‍ സ്റ്റോറിലും യുഎഇയിലെ എല്ലാ എത്തിസാലാത്ത് ശാഖകളിലും പുതിയ ഐ ഫോണ്‍ വിതരണം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ഒക്ടോബര്‍ 7 നാണ് വില്‍പന ആരംഭിക്കുന്നത്. 60,000 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. ദുബായില്‍ കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 7 വില്‍പന തുടങ്ങിയത്. രാവിലെ എട്ട് മുതല്‍ വില്‍പന തുടങ്ങി. പലരും അതിരാവിലെ തന്നെ സ്ഥലത്ത് തമ്പടിച്ചു.

സൗദിയില്‍ നിന്നെത്തിയ അഹമ്മദ് അല്‍ ഹാജിരിയായിരുന്നു മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ നിന്നുള്ള ആദ്യത്തെ ഐഫോണ്‍ 7 സ്വന്തമാക്കിയത്. കുറഞ്ഞ സ്റ്റോക്ക് മാത്രമേ ദുബായിലെത്തിയിട്ടുള്ളൂ. ഇതിനാല്‍ ഒട്ടേറെ പേര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള മോഡലുകള്‍ക്കായിരുന്നു ആവശ്യക്കാരേറെ. ഒരാള്‍ക്ക് രണ്ട് ഫോണുകള്‍ മാത്രമേ വാങ്ങാന്‍ കഴിയുകയുള്ളൂ.

ഇരട്ട ലെന്‍സ് റിയര്‍ ക്യാമറയുള്ള ഐഫോണ്‍ 7 പ്ലസാണ് ആളുകള്‍ക്ക് ഏറെ പ്രിയം. മിക്കവരും നേരത്തെ ബുക്ക് ചെയ്താണ് ഫോണുകള്‍ സ്വന്തമാക്കിയത്.

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഫോണുകള്‍ ലഭിക്കും. ഐഫോണ്‍ 7 ന് (32 ജിബി) 2,599 ദിര്‍ഹം (ഏകദേശം 47,400 രൂപ) മുതല്‍ 3,399 ദിര്‍ഹം (256 ജിബി) വരെയാണ് വില. 128 ജിബി ഫോണിന് 2,999 ദിര്‍ഹം നല്‍കണം.

7 പ്ലസിന് 3,099 ദിര്‍ഹം (32 ജിബി) മുതല്‍ 3,899 ദിര്‍ഹം (256 ജിബി) വരെയും. 128 ജിബി ഫോണിന് 3,499 ദിര്‍ഹം നല്‍കണം. മാറ്റില്‍ ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കാം.

പ്രതിമാസം 115 ദിര്‍ഹം അടയ്ക്കുന്ന പദ്ധതിയിലൂടെയും ഐഫോണ്‍ 7 സ്വന്തമാക്കാം.

Top