ചെറുപ്പക്കാരെ കണ്ടു പഠിക്കൂ ഈ 97കാരിയെ; വിദ്യാ ദേവി ഇനി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും

ന്നത്തെ കാലത്ത് അറുപത് വയസ്സ് കഴിയുമ്പോള്‍ തന്നെ പലരും വീടിന്റെ മൂലയ്ക്ക് ഒതുങ്ങിക്കൂടും. സ്വന്തം മനസ്സില്‍ തന്നെ തനിക്ക് വയസ്സായി ഇനി കൂട്ട് മരുന്നുകളാണെന്നാണ് പലരും കരുതുന്നത്. സമൂഹവും അവരെ ഒതുക്കികളയുന്നത് പതിവ് കാഴ്ചയാണ്. അവരെകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പലരും പറയുന്നത് തന്നേ.

എന്നാല്‍ ചെറുപ്പക്കാരെ പോലും തോല്‍പിച്ച് സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചില പ്രായമായ ‘ചെറുപ്പക്കാരുണ്ട്’. അവരില്‍ ഒരാളാണ് വിദ്യാ ദേവി എന്ന 97കാരി. ഇനി കഥയിലേക്ക് വരാം. രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിദ്യാ ദേവി വിജയിച്ചു. പുരാനാവാസ് പഞ്ചായത്തില്‍ നിന്നും മത്സരിച്ച ഇവര്‍ 207 വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ നേടിയത് 843 വോട്ടാണ്.

യുവതലമുറക്ക് പാഠമാക്കാവുന്ന വാര്‍ദ്ധക്യം തന്നെയാണ് വിദ്യാദേവിയുടേത്. തന്നെ വിജയിപ്പിച്ച ജനതയോട് വിദ്യാ ദേവി പറഞ്ഞത് ഇങ്ങനെയാണ്. സ്ഥലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. എല്ലായിടത്തും വെള്ളമെത്തിക്കുന്നതിനും ശുചിത്വത്തിനുമായിരിക്കും പ്രധാന്യം നല്‍കുക, മാത്രമല്ല, പാവപ്പെട്ട എല്ലാ വിധവകള്‍ക്കും പെന്‍ഷന്‍ എത്തിക്കും.

വിദ്യാദേവിയുടെ കുടുംബം രാഷ്ട്രീയത്തില്‍ സജീവമാണ് അവരുടെ അമ്മായി അച്ഛനും, ഭര്‍ത്താവും മകനുമെല്ലാം ഇവിടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിദ്യ ദേവി ആദ്യമായാണ് മത്സരിക്കുന്നത്. ഈ വയസ്സുകാലത്തും രണ്ട് കിലോമീറ്ററോളം നടന്നാണ് വിദ്യാ ദേവി നോമിനേഷന്‍ നല്‍കാന്‍ പഞ്ചായത്തിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയും കുറേ നടന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ തനിക്കില്ലായെന്നും ഈ തൊണ്ണൂറ്റിയേഴുകാരി പറയുന്നു.

രാജസ്ഥാനില്‍ 87 പഞ്ചായത്തുകളിലേക്കായി 26,800 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്.

Top