സോഷ്യൽ മീഡിയയിലൂടെ ഓൺലൈൻ ട്രോളിംങ്; 2016ൽ ലഭിച്ചത് 97 പരാതികൾ

ന്യൂഡൽഹി : സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ ട്രോളിങ് വഴി അപമാനിച്ചു എന്ന പേരില്‍ 97 പരാതികള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തതായി വനിതാശിശു വികസന സഹമന്ത്രി കൃഷ്ണ രാജ്.

പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സെഷനില്‍ അഞ്ചാം ദിവസം സംസാരിക്കുകയായിരുന്നു മന്ത്രി. 2016 ജൂലായ് മുതല്‍ സോഷ്യല്‍ മീഡിയ വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ മന്ത്രാലയം ഒരു സെല്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൃഷ്ണ രാജ് അറിയിച്ചു.

നിലവില്‍ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇമെയില്‍ വഴി നേരിട്ട് പരാതി നല്‍കാനുള്ള പരിഹാര സംവിധാനമാണ് മന്ത്രാലയം ഉണ്ടാക്കിയിരിക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച്, 2013 ല്‍ 1203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2014 ല്‍ 758, 2015 ല്‍ 816, കേസുകളും രജിസ്റ്റര്‍ ചെയ്തു.

സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ 2014, 2015 വര്‍ഷങ്ങളില്‍ യഥാക്രമം 599, 606 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഓണ്‍ലൈനിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

രേഷ്മ പി. എം

Top