Manas Bhunia Likely To Join Trinamool On Monday

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ പിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനസ് ഭുനിയ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്.

ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഭുനിയ കഴിഞ്ഞ ദിവസം ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സി.പി. ജോഷിക്കെതിരേ നിശിത വിമര്‍ശനം നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ താല്‍പര്യത്തിനു വിരുദ്ധമായി നിയമസഭയുടെ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം മനസ് ഭുനിയ ഏറ്റെടുത്തതോടെയാണു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിഎസി ചെയര്‍മാന്‍സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഭുനിയ തയ്യാറായില്ല.

ഇതിനിടെ, സി.പി. ജോഷിയുമായുള്ള അഭിപ്രായവ്യത്യാസവും വര്‍ദ്ധിച്ചു. ഉറങ്ങുന്ന ജനറല്‍ സെക്രട്ടറി എന്നായിരുന്നു ഭുനിയ ജോഷിയെ വിശേഷിപ്പിച്ചത്.

പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി, നിയമസഭാ കക്ഷി നേതാവ് അബ്ദുള്‍ മന്നന്‍ എന്നിവരുമായും ഭുനിയ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നായിരുന്നു ഈയിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഭുനിയ വിശേഷിപ്പിച്ചത്. മനസ് ഭുനിയയുടെ സഹോദരനും മിഡ്‌നാപുരിലെ കോണ്‍ഗ്രസ് നേതാവുമായി ബികാഷ് ഭുനിയ ഈയിടെ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

Top