samsung urges galaxy note7 users to replace the phone

പൊട്ടിത്തെറിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നു വിപണിയില്‍ ഇറക്കിയിട്ടുള്ള ഗ്യാലക്‌സി നോട്ട് 7 മോഡലുകള്‍ സാംസങ് പിന്‍വലിക്കുന്നു.

ഫോണ്‍ വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുതെന്നു സാംസങ് ഔദ്യോഗികമായി അറിയിച്ചു. ഈ ഫോണുകള്‍ കമ്പനി ഔട്ട്‌ലെറ്റുകള്‍ വഴി മാറ്റി വാങ്ങണമെന്നും കമ്പനി നിര്‍ദേശം.

സാംസങ് ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിച്ചതായി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏവിയേഷന്‍ അധികൃതര്‍ വിമാനങ്ങളില്‍ ഈ ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും പുറപ്പെടുവിച്ചു.

ഒപ്പം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഫോണിന്റെ സുരക്ഷ വലിയ ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ്, ഉപയോക്താക്കളുടെ ആശങ്ക പരിഹരിക്കാന്‍ ഫോണുകള്‍ തിരികെ വാങ്ങി, ന്യൂനത പരിഹരിച്ച പുതിയ ഫോണുകള്‍ നല്‍കാന്‍ സാംസങ് തീരുമാനിച്ചത്.

ഗ്യാലക്‌സി നോട്ട് 7 മോഡലുകള്‍ വാങ്ങിയിട്ടുള്ളവര്‍ അത് ഉപയോഗിക്കരുതെന്നും സ്വിച്ച് ഓഫ് ചെയ്ത് ഔട്ട്‌ലെറ്റുകളില്‍ തിരികെ ഏല്‍പ്പിച്ചു പുതിയ ഫോണ്‍ വാങ്ങണമെന്നും സാംസങ് ഇലക്ട്രോണിക്‌സ് മൊബൈല്‍ കമ്യൂണിക്കേഷന്‍സ് ബിസിനസ് പ്രസിഡന്റ് ഡി.ജെ. കോ അറിയിച്ചു. ഇക്കാര്യം സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഫോണ്‍ പൊട്ടിത്തെറിച്ചെന്ന ചുരുക്കം ചില വാര്‍ത്തകളേ വന്നിട്ടുള്ളൂവെങ്കിലും ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി വിറ്റഴിച്ച എല്ലാ ഗ്യാലക്‌സി നോട്ട് 7 ഫോണുകളും മാറ്റി നല്‍കുകയാണെന്നും അദ്ദേഹം അറിയിച്ചു.

നോട്ട് 7 മോഡലുകളുടെ ബാറ്ററി, ആനോട്-കാഥോഡ് ഭാഗങ്ങള്‍ കൂടിച്ചേരുന്ന സ്ഥിതിയെത്തുമ്പോള്‍, അമിതമായി ചൂടാകുകയും തീപിടിക്കുകയും ചെയ്യുന്നതായി സാംസങ് കണ്ടെത്തിയിരുന്നു. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന നിര്‍മാണ പിഴവാണ് ഇതെന്നും കമ്പനി പറയുന്നു.

Top