maltta fever; Licensed by the euthanasia of livestock

മണ്ണുത്തി: സംസ്ഥാനത്ത് മാള്‍ട്ടപ്പനി (ബ്രൂസെല്ലോസിസ്) ബാധിച്ച കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കാന്‍ അനുമതി. വെറ്റിനറി സര്‍വകലാശാലയുടെ വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.

ദയാവധത്തിന് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡുകളുടെ അനുമതി ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ദയാവധം നടപ്പിലാക്കും.

വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നിലെ ഫാമിലെ തൊണ്ണൂറോളം കാലികളിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്ന് ഇന്നു ചേര്‍ന്ന യോഗം വിലയിരുത്തി.

രണ്ടു വര്‍ഷം മുമ്പ് രോഗം കണ്ടെത്തിയെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയായിരുന്നു. ഇത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ രൂക്ഷ വിമര്‍ശത്തിന് വിധേയമായിരുന്നു.

മനുഷ്യരില്‍ ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന രോഗമാണ് മാള്‍ട്ടപ്പനി. 2011 ആഗസ്ത് 11ന് ഇത്തരം പനിബാധിച്ച് മൂവാറ്റുപുഴ സ്വദേശിനിയായ വീട്ടമ്മ മരിച്ചിരുന്നു. ചെറുകിട ഫാം നടത്തിയിരുന്ന ഇവര്‍ക്ക് കാലികളില്‍നിന്നാണ് രോഗം ബാധിച്ചത്.

ബ്രാസെല്ലസ് എന്ന ബാക്ടീരിയയാണ് മാള്‍ട്ടപ്പനി പരത്തുന്നത്. മനുഷ്യരില്‍ പനി ബാധിച്ചാല്‍ ഇടവിട്ടുള്ള പനി, സന്ധിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടും. മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളുടെ പാല്‍, ഇറച്ചി എന്നിവയുടെ ഉപയോഗത്തിലൂടെയും വായുവിലൂടെയും രോഗം പകരാം.

പാല്‍ തിളപ്പിച്ചും ഇറച്ചി നന്നായിവേവിച്ചും മാത്രം ഉപയോഗിക്കുക, കാലികളുമായി ഇടപഴകുന്നവര്‍ അവയെ നന്നായി നിരീക്ഷിക്കുക, കാലികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ കുത്തിവെപ്പ് നടത്തുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

Top