kerala animals are faced malta fever

കോഴിക്കോട്: കേരളത്തിലെ കന്നുകാലികള്‍ക്കിടയില്‍ മാള്‍ട്ടാ പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപിടി സ്വീകരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനും വെറ്റിനറി സര്‍വ്വകലാശാലയ്ക്കും നിര്‍ദ്ദേശം നല്‍കി.

വെറ്റിനറി സര്‍വ്വകലാശാലയുടെ പാലക്കാട്ടെ തിരുവിഴാങ്കുന്ന് ഫാമിലാണ് 84 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടെത്തിയത്.

മാള്‍ട്ടാ പനി എന്നറിയപ്പെടുന്ന രോഗം ബാക്ടീരിയ പരത്തുന്ന രോഗമാണ്. ഇത് ശരീര കോശങ്ങളെയാണ് ബാധിക്കുന്നത്. കന്നുകാലികളുടെ ഉന്മൂല നാശത്തിന് ഈ രോഗം കാരണമായേക്കാം. മന്ദത, ഗര്‍ഭഛിദ്രം എന്നിവയാണ് ഈ ബാക്ടീരിയബാധിച്ചാല്‍ ഉണ്ടാകുക. രോഗം മനുഷ്യരിലേക്ക് പകര്‍ന്നാലും ഇതൊക്കെയാവും ഉണ്ടാകുക. വിട്ടുവിട്ടുള്ള പനിയാണ് രോഗ ലക്ഷണം.

മനുഷ്യരിലും കന്നുകാലികളിലും ഒരേപോലെയാണ് ബാക്ടീരിയ രോഗം പടര്‍ത്തുക, അതുകൊണ്ടാണ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്.

രോഗം സ്ഥിരീകരിച്ചിട്ടും കേരളം ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. സാധാരണ ഗതിയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം കേരളം ചെയ്തിട്ടില്ല.

രോഗം ബാധിച്ച കന്നുകാലികളെ മരുന്ന് കുത്തുവെച്ച് കൊന്നൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറയുന്നു. പാലക്കാട്ടുനിന്ന് കന്നുകാലികളെ മണ്ണുത്തിയിലെ ഫാമില്‍ കൊണ്ടുപോയി കൊല്ലാനാണ് വെറ്റിനറി സര്‍വ്വകലാശാല തീരുമാനിച്ചത്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നും രോഗം ബാധിച്ച കന്നുകാലികളെ ഒരുസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് രോഗം കൂടുതല്‍ സഥലങ്ങളിലേക്ക് പകരാനിടയാക്കുമെന്നും മൃഗക്ഷേമ ബോര്‍ഡ് പറയുന്നു.

ഇവയെ മയക്കുമരുന്ന് നല്‍കി വേദനയില്ലാതെയാണ് കൊല്ലേണ്ടതെന്നും അല്ലാത്തപക്ഷം അത് മൃഗങ്ങളുടെ അവകാശത്തിനെതിരാണെന്നും സര്‍ക്കാരിന് പുറമെ വെറ്റിനറി സര്‍വ്വകലാശാലയും രോഗം സംബന്ധിച്ച് വിജ്ഞാപനം ഇറക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ അവബോദം ഉണ്ടാക്കണമെന്നും ബോര്‍ഡ് പറയുന്നു.

Top