Mark Zuckerberg’s foundation leads $50 mn funding in Byju’s

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ കമ്പനിയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപം മലയാളിയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍.

ബാംഗ്ലൂരില്‍ താമസിക്കുന്ന ബൈജു രവീന്ദ്രന്റെ എജ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ‘ബൈജൂസി’ലാണ് സുക്കര്‍ബര്‍ഗ് ഓഹരി എടുക്കുന്നത്. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന സംരംഭമാണ് ബൈജൂസ് ലേണിംഗ് ആപ്പ്.

332 കോടി രൂപയാണ് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ ചാന്‍ സുക്കര്‍ബര്‍ഗിന്റെയും ഉടമസ്ഥതയിലുള്ള സിഎസ്‌ഐ ഇനിഷ്യേറ്റീവ് ബൈജുവിന്റെ കമ്പനിയില്‍ നിക്ഷേപിക്കുന്നത്.

ഇവരെ കൂടാതെ മറ്റു നാലു കമ്പനികളും ബൈജുവിന്റെ കമ്പനിയില്‍ പണം നിക്ഷേപിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിവിധ നിക്ഷേപകരില്‍ നിന്നായി ബൈജൂസ് 510 കോടി രൂപ സമാഹരിച്ചിരുന്നു.

കണ്ണൂര്‍ അഴിക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്‍ തയാറാക്കിയ ആപ്പില്‍ നിലവില്‍ 2.5 ലക്ഷം പേര്‍ പഠിക്കുന്നുണ്ട്. ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ബൈജൂസ് മൊബൈല്‍ ആപ്പിലൂടെ പഠിപ്പിക്കുന്നത്.

നിലവില്‍ 550 ദശലക്ഷം ഡൗണ്‍ലോഡുകളും ബൈജുസ് ആപ്പില്‍ ലഭ്യമായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2011ലാണ് ബൈജു ആദ്യമായി ഇന്റര്‍നെറ്റ് വഴി ക്ലാസുകള്‍ ആരംഭിക്കുന്നത്.

Top