രാജ്യത്ത് 95 കോടി വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: രാജ്യത്ത് 95 കോടി വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 100 കോടി വാക്‌സിന്‍ വിതരണം എന്ന നേട്ടം ഉടന്‍ പിന്നിടുമെന്നും മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച വരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.

ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷന്‍ ഡ്രൈവ് വേഗതയില്‍ മുന്നോട്ട് കുതിക്കുകയാണ്. 95 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തത്. എല്ലാവരും കുത്തിവെയ്പ്പ് നടത്തണമെന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, രാജ്യത്ത് വാക്‌സിനേഷന്‍ പ്രോഗ്രാം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂടാതെ കുത്തിവെയ്പ്പിന്റെ വേഗത വര്‍ധിപ്പിക്കാനും വ്യാപിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Top