8 കോടി ബജറ്റില്‍ 95 കോടി കളക്ഷന്‍; സംവിധായകന് സമ്മാനവുമായ് ബേബി സിനിമയുടെ നിര്‍മ്മാതാവ്

വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയെ നായകനാക്കി സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ബേബി. വലിയ ബാനറിന്റെയോ താരങ്ങളുടെയോ പിന്തുണയില്ലാതെ, താരതമ്യേന ചെറിയ ബജറ്റിലെത്തുന്ന ചില ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം നേടാറുണ്ട്. എല്ലാ ഭാഷാകളില്‍ നിന്നും അത്തരം സിനിമകള്‍ സംഭവിക്കാറുണ്ട്. മലയാളത്തില്‍ ഇങ്ങനെ വിജയം ഉറപ്പിച്ച ചിത്രങ്ങളിലൊന്നാണഅ രോമാഞ്ചം. തെലുങ്ക് സിനിമയിലും അത്തരം വിജയം കൈവരിച്ച സിനിമകളിലൊന്നാണ് ബേബി.

ജൂലൈ 14 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ബജറ്റ് 8 കോടി ആയിരുന്നു. റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിത്തുടങ്ങിയ ചിത്രം 95 കോടിയാണ് കളക്റ്റ് ചെയ്തത്. ഈ അപ്രതീക്ഷിത വിജയത്തിന് കാരണക്കാരനായ സംവിധായകന് ഒരു ഗംഭീര സമ്മാനം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ശ്രീനിവാസ കുമാര്‍. ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ എ 200 എന്ന മോഡല്‍ ആണ് സംവിധായകന്‍ സായ് രാജേഷിന് ലഭിച്ചത്. 45 ലക്ഷത്തിലേറെ വില വരുന്ന മോഡല്‍ ആണിത്. ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം. കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് ബേബി. വൈഷ്ണവി ചൈതന്യയാണ് ചിത്രത്തിലെ നായിക.

Top