MOHAN LAL NEW ROLE IN MUDAVAN MUKAL

മോഹന്‍ലാല്‍ എന്നു കേട്ടാല്‍ ഓരോ മലയാളിയും നമ്മുടെ സ്വന്തം ലാലേട്ടന്‍ എന്ന് ഏകസ്വരത്തില്‍ പറയും.മുടവന്‍മുകള്‍ ഭാഗത്തെ ജനങ്ങള്‍ക്ക് മോഹന്‍ലാല്‍ എന്നാല്‍ ഒരു ട്രാന്‍സ്‌ഫോമറാണ്. അതും മോഹന്‍ലാലിന്റെ വീടിനു തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോമര്‍.

പൂജപ്പൂര കെഎസ്ഇബിക്കു കീഴില്‍ മുടവന്‍മുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറിന്റെ പേരാണു മോഹന്‍ലാല്‍. അതും ലാലേട്ടന്‍ പിച്ചവച്ചു നടന്ന മുടവന്‍മുകളിലെ ഹില്‍വ്യൂ എന്ന വീടിന്റെ തൊട്ടടുത്ത്.

കെഎസ്ഇബി ഇവിടെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ട് ഇരുപതിലധികം വര്‍ഷമായി. ഓരോ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമ്പോഴും എളുപ്പത്തില്‍ തിരിച്ചറിയാനായി അടയാളം രേഖപ്പെടുത്തുന്ന പതിവുണ്ട്.

മുടവന്‍മുകളില്‍ ഹില്‍വ്യൂവിനു സമീപം ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമ്പോള്‍ അടയാളമായി കെഎസ്ഇബിക്കാരുടെ മനസ്സില്‍ ലാലേട്ടന്റെ പേരല്ലാതെ മറ്റൊന്നും ഓടിയെത്തിയില്ല.

അങ്ങനെ കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് അതിനു മോഹന്‍ലാല്‍ എന്നു നാമകരണവും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രാന്‍സ്‌ഫോമറില്‍ മോഹന്‍ലാല്‍ എന്ന പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൈദ്യുതി ബില്ലുകളില്‍ ട്രാന്‍സ്‌ഫോമറിന്റെ പേരിന്റെ സ്ഥാനത്തു മോഹന്‍ലാല്‍ എന്നു രേഖപ്പെടുത്തിയാണു നല്‍കുന്നത്.

വര്‍ഷങ്ങളായി നല്‍കുന്ന ബില്ലില്‍ ‘ട്രാന്‍സ്‌ഫോമര്‍ മോഹന്‍ലാല്‍’ തെളിഞ്ഞുകിടപ്പുണ്ട്. മുടവന്‍മുകള്‍ ഭാഗത്തെ ജനത്തിനു ചുരുക്കത്തില്‍ രണ്ടു മോഹന്‍ലാലുകള്‍ സ്വന്തം.

Top