Hizbul chief Syed Salahuddin will meet same end as Burhan Wani, warns BJP

ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയിദ് സലാഹുദ്ദീന്റെ ഭീഷണിക്കു മറുപടിയുമായി ബിജെപി.

കശ്മീരില്‍ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ച ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അവസ്ഥ സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി വക്താവ് എന്‍.സി.ഷൈന പറഞ്ഞു. വാനിയെ സൈനിക നടപടിക്കിടെ വധിക്കുകയായിരുന്നു.

കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നവര്‍ തിരിച്ചടി നേരിടാനും തയാറായിരിക്കണം. എന്താണോ ബുര്‍ഹാന്‍ വാനിക്കു സംഭവിച്ചത് അതുപോലുള്ളവ നേരിടാന്‍ തയാറാകണം.

കേന്ദ്ര സര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്നു ഹിസ്ബുല്‍ മുജാഹിദ്ദീന്‍ വിചാരിക്കരുത്. വിഘടനവാദികള്‍ക്കുമേല്‍ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാഷ്ട്രീയമായ ഇഛാശക്തിയുണ്ട്.

അത്തരം നടപടികളുമായി അദ്ദേഹം മുന്നോട്ടു പോകുമെന്നും ഷൈന വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ഇന്നലെ, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഹിസ്ബുല്‍ തലവന്‍ കശ്മീരില്‍ അക്രമം തുടരുമെന്നു ഭീഷണിപ്പെടുത്തിയത്. കശ്മീരികളെ ഉപയോഗിച്ചു സൈനികരെ വധിക്കും.

സംഘര്‍ഷങ്ങള്‍ കശ്മീരിനു പുറത്തേക്കു വ്യാപിപ്പിക്കും. പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരം അനുവദിക്കില്ല. കശ്മീരില്‍ പ്രശ്‌നപരിഹാരത്തിനു ആക്രമണമല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. സമാധാനത്തിന്റെ വഴിയില്ലെന്നു കശ്മീരിലെ നേതൃത്വത്തിനും ജനത്തിനും അറിയാം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിലെ പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും സലാഹുദ്ദീന്‍ പറഞ്ഞിരുന്നു.

ജൂലൈ എട്ടിനു നടന്ന സൈനിക നടപടിക്കിടെയാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മൂവായിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top