classical cinema digital library started at thrissur

തൃശ്ശൂരുകാര്‍ക്ക് ഇനി നല്ല സിനിമകളുടെ പൂക്കാലം. ലോകപ്രശസ്തമായ, കലാമൂല്യമുള്ള അയ്യായിരം സിനിമകളുടെ ഡിജിറ്റല്‍ ലൈബ്രറി ഒരുക്കുകയാണ് തൃശ്ശൂര്‍ ചലച്ചിത്രകേന്ദ്രം.

ഓണത്തിനുശേഷം ആയിരം ഡി.വി.ഡികളുടെ പ്രവര്‍ത്തനം തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചലച്ചിത്ര സംഘടനകളുമായും സഹകരിച്ച് ജില്ലയില്‍ എവിടെയും പ്രദര്‍ശനം നടത്തുന്നത് പരിഗണിക്കുമെന്ന് ചലച്ചിത്രകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ജോസഫ് പറഞ്ഞു.

വിവിധ ഭാഷകളിലുള്ള സിനിമകളുടെ ഡി.വി.ഡി.കള്‍ ലഭ്യമാക്കാന്‍ ചലച്ചിത്രകേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു. അംഗങ്ങളുടെ കൈവശമുള്ള ഡി.വി.ഡി.കള്‍ ശേഖരിക്കും. ഒപ്പം ഓരോ അംഗത്തില്‍നിന്നും ഓരോ ഡി.വി.ഡിക്കുള്ള തുക സമാഹരിക്കാനും ആലോചനയുണ്ട്.

പഴയതുപോലെ വിവിധ സൈറ്റുകളില്‍നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതിന് തടസ്സമുള്ളതിനാല്‍ അംഗീകൃത സംവിധാനങ്ങള്‍ ഈ റഫറന്‍സ് ലൈബ്രറിക്കായി പ്രയോജനപ്പെടുത്തും.

വിനിയോ, ഫെസ്റ്റീവ് സ്‌കോപ്പ് തുടങ്ങിയവയില്‍ അംഗത്വം എടുത്ത് സിനിമ സംഘടിപ്പിക്കും. ചലച്ചിത്ര അക്കാദമിയുടെയും സ്വകാര്യവ്യക്തികളുടെയും സഹായം തേടിയും സിനിമാശേഖരം വിപുലപ്പെടുത്തും.

ഗോവ, കൊല്‍ക്കത്ത, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ കാണാന്‍ ചലച്ചിത്രകേന്ദ്രം തൃശ്ശൂരില്‍ എല്ലാക്കൊല്ലവും നടത്തുന്ന മേളയില്‍ അവസരം കിട്ടുന്നുണ്ട്. ഈ സൗകര്യം ഡിജിറ്റല്‍ ലൈബ്രറിയിലൂടെ കൂടുതല്‍ വിശാലമാവും.

2004 മുതല്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ചലച്ചിത്രകേന്ദ്രം മാസംതോറും നല്ല സിനിമകള്‍ കാണിക്കുന്നതിനു പുറമെ സെന്റ് തോമസ് കോളേജിലെ സെന്റര്‍ ഫോര്‍ മാസ് മീഡിയയുമായിച്ചേര്‍ന്ന് എല്ലാ വ്യാഴാഴ്ചയും പ്രദര്‍ശനം നടത്തുന്നുണ്ട്.

തൃശ്ശൂരില്‍ ഓരോ മാസവും 100 മുതല്‍ 120 സിനിമവരെ കാണിക്കുന്നു. ഡിജിറ്റല്‍ ലൈബ്രറി വരുന്നതോടെ ഈ എണ്ണം ഇനിയും കൂടും.

കേരള ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വക സിനിമാ സ്ഥാപനങ്ങളുടെയും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളുടെയും സഹായം ചലച്ചിത്രകേന്ദ്രത്തിന് കിട്ടുന്നുണ്ടെന്ന് ഡയറക്ടര്‍ ചെറിയാന്‍ ജോസഫ് പറഞ്ഞു.

കലാമൂല്യമുള്ള ലോകസിനിമകളും ഇന്ത്യയിലെ മികച്ച ഭാഷാചിത്രങ്ങളും സിനിമാപ്രേമികളില്‍ എത്തിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചലച്ചിത്രകേന്ദ്രം.

ഇതിനൊക്കെപ്പുറമെ സിനിമാപ്രവര്‍ത്തകരെ ഓര്‍ക്കാനും പ്രോത്സാഹിപ്പിക്കാനും നിരവധി പരിപാടികള്‍ കേന്ദ്രം നടത്തുന്നു. അടുത്ത ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങളിലാണ് ചെറിയാന്‍ ജോസഫും ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. ഗോപീകൃഷ്ണനും ട്രഷറര്‍ എ. രാധാകൃഷ്ണനും ഉള്‍പ്പെട്ട ചലച്ചിത്രകേന്ദ്രം നടത്തിപ്പുകാര്‍.

Top