american malayali murder case:case sheet against son

ചെങ്ങന്നൂര്‍ : അമേരിക്കന്‍ മലയാളി ജോയി ജോണിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ മകന്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ഷെറിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

പ്രതി പിടിയിലായതിന്റെ 88ാം ദിവസമാണ് 150 പേജുള്ള കുറ്റപത്രം ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ആയുധം കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 340 പേരെ ചോദ്യം ചെയ്തതില്‍ 98 പേരെ സാക്ഷികളായി ഉള്‍പ്പെടുത്തി.

152 രേഖകളും 140 തൊണ്ടി വകകളും ഇതോടൊപ്പം കോടതിയില്‍ നല്‍കി. മജിസ്‌ട്രേറ്റിന് മുന്നില്‍ ആറ് പേര്‍ രഹസ്യമൊഴി നല്‍കിയെന്നും ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍പിള്ള പറഞ്ഞു.

ഷെറിന്റെ പക്കല്‍ നിന്ന് കണ്ടെടുത്ത കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തിയ ടാബ്, മൊബൈല്‍ ഫോണ്‍, ഫോണ്‍വിളിയുടെ വിവരങ്ങള്‍, സി.സി ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് എന്നിവയും കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.

ഷെറിന്‍ താമസിച്ച ഹോട്ടല്‍, യാത്ര ചെയ്ത സ്ഥലങ്ങള്‍, മൃതദേഹം കത്തിക്കാന്‍ ഇന്ധനം വാങ്ങിയ പമ്പ് എന്നിവിടങ്ങളിലെ ക്യാമറ ദൃശ്യങ്ങളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 25 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാര്‍ നന്നാക്കാനായി തിരുവനന്തപുരത്ത് പോയി മടങ്ങിയ ജോയിയും മകന്‍ ഷെറിനും സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായി.

മടക്കയാത്രയില്‍ മുളക്കുഴ കൂരിക്കടവ് പാലത്തിന് സമീപം കാര്‍ എത്തിയപ്പോള്‍ ഷെറിന്‍ കൈവശം കരുതിയിരുന്ന വിദേശനിര്‍മ്മിത തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ജോയിയുടെ ഉടമസ്ഥതയില്‍ നഗരത്തിലുള്ള ഉഴത്തില്‍ ബില്‍ഡിംഗിസിന്റെ ഗോഡൗണില്‍ മൃതദേഹം എത്തിച്ച് കത്തിച്ച ശേഷം വെട്ടിമുറിച്ചു.

ശരീരഭാഗങ്ങള്‍ ചാക്കിലാക്കി കാറില്‍ കയറ്റി പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെ ചവറുകൂനകളിലുമായി തള്ളി.

പിന്നീട് ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. എന്നാല്‍ പമ്പാനദിയില്‍ ഉപേക്ഷിച്ച ജോയിയുടെ ഇടത് കാല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ജോയി ജോണ്‍ വധം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ ചെയ്തു.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഡി.വൈ.എസ്.പി വരെയുള്ള 31 പേരെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നും സംശയിക്കാവുന്ന രീതിയില്‍ മകന്‍ ഫോണില്‍ വിളിച്ചെന്നും ജോയിജോണിന്റെ ഭാര്യ മറിയാമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങുന്നത്.

തുടര്‍ന്ന് ഡി.വൈ.എസ് പി കെ.ആര്‍.ശിവസുതന്‍പിള്ള, സി.ഐമാരായ ജി.അജയനാഥ്, ഷിബുപാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ചെങ്ങന്നൂരിലെ ജോയിയുടെ സ്ഥാപനത്തിന്റെ ഗോഡൗണ്‍ പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ മാംസാവശിഷ്ടവും രക്തവും ഒരു ചെരുപ്പും കണ്ടെത്തിയതോടെ കൊലപാതകമാണന്ന് പൊലീസ് ഉറപ്പിച്ചു.

തുടര്‍ന്ന് മെയ് 28ന് കോട്ടയം ടി.ബി റോഡിനു സമീപമുള്ള ഹോട്ടലില്‍ നിന്ന് ഷെറിനെ പിടികൂടുകയായിരുന്നു. ഐ.ജിമാരായ മഹിപാല്‍യാദവ് , എസ്. ശ്രീജിത്ത്, എസ് പിമാരായ പി. അശോക് കുമാര്‍, എ. അക്ബര്‍, ഡി.വൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ള, നാല് സി.ഐമാര്‍ 25 പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Top