വാജ്പേയിയുടെ 93–ാം ജന്മദിനത്തിൽ 93 തടവുകാരെ മോചിപ്പിക്കാൻ യുപി സർക്കാർ

ലക്‌നൗ : ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 93–ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ 93 തടവുകാരെ ജയില്‍ മോചിതരാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന 93 പേരെ വിട്ടയയ്ക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും, തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാല്‍ തടവു കാലാവധി നീട്ടിനല്‍കപ്പെട്ട 93 പേര്‍ക്കാകും ഇതിലൂടെ പുതുജന്മം ലഭിക്കുക.

ശിക്ഷ നീട്ടിക്കിട്ടിയ 135 പേരുടെ പട്ടികയില്‍നിന്നാണ് 93 പേരെ തിരഞ്ഞെടുത്തത്. മറ്റു കേസുകളില്‍ പ്രതികളല്ലെന്ന് ഉറപ്പാക്കിയിട്ടാണ് ഇവരെ വിട്ടയയ്ക്കുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ജനോപകാര നയമാണ് ഇതിലൂടെ തെളിയുന്നതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

ജയില്‍ മോചിതരാകുന്നവരുടെ പേരില്‍ കുടിശ്ശികയായി വരുന്ന പിഴത്തുക വിവിധ ട്രസ്റ്റുകള്‍, എന്‍ജിഒകള്‍ തുടങ്ങിയവയുമായി സഹകരിച്ച് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാനും ജയില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top