JNU Student Leader Accused Of Raping Another Student Surrenders To Police

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിദ്യാര്‍ത്ഥി നേതാവ് കീഴടങ്ങി. പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തനാണ് കീഴടങ്ങിയത്.

അഭിഭാഷകനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് രത്തന്‍ കീഴടങ്ങിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന രത്തനെ പിടികൂടാന്‍ അഞ്ചംഗ അന്വേഷണ സംഘത്തെ ഡല്‍ഹി പൊലീസ് നിയോഗിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ സീഡി തന്റെ പക്കലുണ്ടെന്നും പെന്‍ഡ്രൈവില്‍ പകര്‍ത്തിക്കൊടുക്കാമെന്നും പറഞ്ഞ് രത്തന്‍ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയിലെത്തിയപ്പോള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി. അത് കുടിച്ചതോടെ യുവതി ബോധരഹിതയായി.

മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോഴാണ് പീഡനത്തിന് ഇരയായത് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ 28കാരിയായ പിഎച്ച്.ഡി വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു.

തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയാണ് ഐസ. ഈ സംഘടനക്കാണ് ജെ.എന്‍.യുവില്‍ മേല്‍ക്കൈ. ജെ.എന്‍.യുവില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എ.ബി.വി.പി ഐസ നേതാവിനെതിരായ കേസ് ആയുധമാക്കിയതോടെ കാമ്പസ് സംഘര്‍ഷാവസ്ഥയിലാണ്. ആരോപണവിധേയനായ വിദ്യാര്‍ത്ഥി നേതാവിനെ ഐസ പുറത്താക്കിയിരുന്നു.

Top