Defence Minister Manohar Parrikar’S STATEMENT

കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.

പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും പക്ഷേ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനയച്ച കത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി പറയുന്നത്.

മെയ് മൂന്നിന് കുമ്മനം രാജശേഖരന് അയച്ച കത്തിലാണ് മനോഹര്‍ പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തെ കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു.

പ്രതിരോധ വകുപ്പ് പദ്ധതിയില്‍ എതിര്‍പ്പ് പ്രകടപ്പിക്കാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ ഘട്ടത്തില്‍ പറഞ്ഞത്.

വിമാനത്താവളത്തിനെതിരായുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധിയും പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിച്ചിരുന്നില്ല.

പ്രതിരോധവകുപ്പിന്റെ അനുമതിയില്ലാതെ രാജ്യത്ത് വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും സാധിക്കില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോയതെന്ന കാര്യം ഇതോടെ ദുരൂഹമാകുകയാണ്.

അതേസമയം ആറന്മുള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യാവസായിക വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇതുവരേയും പിന്‍വലിച്ചിട്ടില്ല.

പദ്ധതി പ്രദേശത്ത് കൃഷിയിറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിമാനത്താവളപദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യാവസായിക വിജ്ഞാപനം പിന്‍വലിച്ചാല്‍ മാത്രമേ ലാന്‍ഡ് ബോര്‍ഡിന് പദ്ധതി പ്രദേശം മിച്ച ഭൂമിയായി ഏറ്റെടുക്കാനാകൂ
.

Top