Income Tax raids at Muthoot Group

കൊച്ചി: കണക്കില്‍പെട്ടാത്ത സമ്പാദ്യം കണ്ടെത്തിയ സംഭവത്തില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമകളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും.

270 കോടി രൂപയുടെ കണക്കില്‍പെടാത്ത സമ്പാദ്യം കണ്ടെത്തിയ സംഭവത്തില്‍ മുത്തൂറ്റ് ഉടമകള്‍ നല്‍കിയ വിശദീകരണം ബാങ്ക് രേഖകളുമായി ഒത്തുപോകാത്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, മുത്തൂറ്റിന്റെ സ്ഥാപനങ്ങളില്‍ ബിനാമി പണം നിക്ഷേപിച്ചു നികുതിവെട്ടിച്ചവരെയും പിടികൂടും. ഇരുപത്തഞ്ചു ലക്ഷം രൂപയില്‍ അധികം നിക്ഷേപമുള്ളവര്‍ക്കു നോട്ടീസ് അയക്കാനാണു തീരുമാനം.

കഴിഞ്ഞ ഒരാഴ്ചയായാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. ഇവിടെ ബിനാമി പേരുകളില്‍ പണം നിക്ഷേപിച്ചവരും നിരീക്ഷണത്തിലാണ്. ഇവര്‍ക്കുമേലും പിടിവീഴുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

റെയ്ഡിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.

മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നടത്തിയ പരിശോധനയില്‍ 120 കോടി രൂപയുടെ ക്രമക്കേടുകളും മുത്തൂറ്റ് ഫിനാന്‍സില്‍ 150 കോടി രൂപയുടെ ക്രമക്കേടുകളുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

സ്വര്‍ണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് മുത്തൂറ്റ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്നാണ് സംശയകരമെന്ന് തോന്നുന്ന മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനം എടുത്തത്.

കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയത്തായിരുന്നു റെയ്ഡ് നടത്തിയത്.

Top