Thrissur gangster attacks against policemen

തൃശൂര്‍: ഒല്ലൂരില്‍ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണത്തില്‍ എസ്‌ഐക്കും രണ്ട് സിവില്‍ പൊലീസുകാര്‍ക്കും വെട്ടേറ്റു.

എസ്‌ഐ പ്രശാന്ത്, പൊലീസുകാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുണ്ടാ ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐക്കും കൂട്ടര്‍ക്കുമാണ് വെട്ടേറ്റത്.

കഴിഞ്ഞ ദിവസം ഗുണ്ടാപിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നേരെ പന്നിപ്പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളാണ് ആക്രമിച്ചത്. ഇയാള്‍ ഉള്‍പ്പെട്ട ഒരു ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഭവം. നാലംഗസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഒല്ലൂരിലെ ഒരു സങ്കേതത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. എന്നാല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും കൈയിലുണ്ടായിരുന്ന വടിവാളുകള്‍ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു.

കറമ്പൂസ് എന്ന് വിളിക്കുന്ന ജിയോ, നെയ്മര്‍ എന്ന് വിളിക്കുന്ന ലിനോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.

Top