Pakistan to invite India for dialogue on Kashmir: Sartaj Aziz

ഇസ് ലാമാബാദ്: കശ്മീര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ക്ഷണിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ പാകിസ്താനുമായി ചര്‍ച്ചചെയ്യൂ എന്ന് ഇന്ത്യ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ആഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ചേര്‍ന്ന പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സര്‍താജ് അസീസ് ഇക്കാര്യം വ്യക്തമാക്കിയത്.

സംവാദത്തിന് ക്ഷണിച്ച് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ വിദേശ നയത്തിലെ മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമാണ് നയതന്ത്ര പ്രതിനിധികളുടെ യോഗം ചേര്‍ന്നത്. കശ്മീരിലെ സങ്കീര്‍ണ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്തതായും സര്‍താജ് അസീസ് പറഞ്ഞു.

സ്വയംഭരണത്തിനുള്ള കശ്മീര്‍ ജനതയുടെ പ്രക്ഷോഭത്തിന് പാകിസ്താന്റെ നയതന്ത്ര, രാഷ്ട്രീയ, ധാര്‍മിക പിന്തുണ തുടരണമെന്ന് യോഗം ഊന്നിപ്പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top